തിരുവനന്തപുരം: അനധികൃതമായി സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യനയത്തിന്റെ ഭാഗമായിട്ടാണ് അവ അനുവദിച്ചതെന്ന ടി.പി രാമകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിന് ഏത് മദ്യനയമാണ് പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മദ്യനയം പരസ്യമാക്കണമെന്ന് മന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം അറിഞ്ഞു കൊണ്ടാണ് അഴിമതി നടന്നിരിക്കുന്നതെന്നും അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്ത പക്ഷം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 11 ന് സായാഹ്ന ധര്‍ണ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.