തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പിന്നീട് പറയാമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. വിശദീകരണം ആവശ്യമുള്ളവയ്ക്ക് മറുപടി നല്‍കുമെന്നും ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ശീലം വെച്ച് എല്‍ഡിഎഫിനെ വിലയിരുത്തരുതെന്നും എല്‍ഡിഎഫിന്റെ മദ്യനയം വെച്ചാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയുടെ മദ്യനയത്തില്‍ ഒരിടത്തും ബ്രൂവറി തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്നും എക്‌സൈസ് മന്ത്രിക്ക് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. മദ്യനയത്തില്‍ ഇല്ലാത്ത ബ്രൂവറിയും ഡിസ്‌ലറിയും അനുവദിച്ചതില്‍ അഴിമതിയെന്നും കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി അനുവദിച്ചതിന് പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ? മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ? അനുമതി നല്‍കിയ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറിന്റെ ഉത്തരവുണ്ടോ? തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ എക്‌സൈസ് മന്ത്രിയോട് ചെന്നിത്തല ചോദിച്ചു. ചോദ്യങ്ങള്‍ കത്തായി മന്ത്രിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.