Ramesh chennithala UDF chairman

chennithala

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനാണ് യുഡിഎഫ് ചെയര്‍മാനാകുമെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തന്നെ മുന്നണി ചെയര്‍മാനാകുന്നതാണ് യു.ഡി.എഫിലെ കീഴ്‌വഴക്കം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലും യുഡിഎഫ് യോഗത്തിലും ഉമ്മന്‍ചാണ്ടി നിലപാട് കടുപ്പിച്ചതോടെയാണ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും ചെന്നിത്തല ഏറ്റെടുക്കുന്നത്. സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയിലും ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. നേരത്തെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന യുഡിഎഫ് യോഗത്തിന്റെ ആവശ്യവും ഉമ്മന്‍ ചാണ്ടി തള്ളിയിരുന്നു.

അതേസമയം, സംസ്ഥാന നേതാക്കളും ഹൈക്കമാന്റും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ നേതൃമാറ്റം ഉയര്‍ന്നു വന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാണ് നടന്നതെന്നും പാര്‍ട്ടിയിലെ എല്ലാ തലങ്ങളിലും യുവാക്കളെ കൊണ്ടുവരാന്‍ തീരുമാനമായെന്നും വാസ്‌നിക് പറഞ്ഞു. ഉചിതമായ സമയത്ത് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top