പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പറ്റാത്തവരാണ് വനിതാ മതില്‍ നിര്‍മിക്കാന്‍ നടക്കുന്നതെന്ന് . .

ramesh chennithala

തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പറ്റാത്തവരാണ് വനിതാ മതില്‍ നിര്‍മ്മിക്കാന്‍ നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

വനിതാ മതിലിലൂടെ കേരളത്തെ ഭ്രാന്താലയമാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും വനിതാ മതിലില്‍നിന്നു പിന്‍മാറിയ നടി മഞ്ജു വാര്യരെ സിപിഎം സൈബര്‍ പോരാളികള്‍ അപമാനിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം മഞ്ജു വാര്യരുടെ സാമൂഹിക വീഷണത്തിന്റെ പ്രശ്‌നമാണ് അവരുടെ പ്രതികരണമെന്ന് ജി.സുധാകരന്‍ പറഞ്ഞിരുന്നു. അവര്‍ ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയതാണെന്നും അത് മാറ്റേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

മഞ്ജു വാര്യരെ കണ്ടു കൊണ്ടല്ല സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഞ്ജു വാര്യരെ ആശ്രയിച്ചല്ല വനിതാ മതില്‍ തീരുമാനിച്ചതെന്നും മഞ്ജു വാര്യര്‍ പിന്‍മാറിയാലും വനിതാ മതിലിന് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുത മന്ത്രി എം.എം മണിയും വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. കലയാണ് തന്റെ രാഷ്ട്രീയമെന്നും അതിനപ്പുറം തനിക്കൊന്നുമില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിലപാട് വ്യാഴാഴ്ച അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റ് എന്താണ്. ഇതില്‍ പങ്കു ചേരണമെന്നുള്ളത് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാത്രമല്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഹര്‍ജി അടുത്ത വ്യാഴാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. സമാനമായ ഹര്‍ജി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും സമര്‍പ്പിച്ചിട്ടുണ്ട്.

Top