വോട്ടിംഗ് യന്ത്രത്തില്‍ തകരാറെന്ന്, പരാതിക്കാരനെതിരെ കേസ്; മീണയ്‌ക്കെതിരെ ചെന്നിത്തല

chennithala

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി ഉന്നയിക്കുന്നവര്‍
തന്നെ സാങ്കേതികപ്രശ്‌നം തെളിയിക്കണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. ടിക്കാറാം മീണയുടെ നിലപാടിനെതിരെയാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടായെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രമക്കേടിനെതിരെ പരാതി ഉന്നയിച്ച യുവാവിനെതിരെ കേസെടുത്തു. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ആം ബൂത്തിലെ എബിന്‍ എന്ന വോട്ടര്‍ക്കെതിരെയാണ് കേസെടുത്തത്.

താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് തെളിഞ്ഞതെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പോളിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറം മീണ അറിയിച്ചു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പൊലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ടീക്കാറാം മീണ അറിയിച്ചു.

Top