മണ്‍മറഞ്ഞ് പോയവര്‍ക്ക് സ്മാരകം പണിയുന്നത് സ്വാഭാവികം,അതില്‍ രാഷ്ട്രീയമില്ല: ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണിക്കു സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്‍മറഞ്ഞ് പോയവര്‍ക്ക് സ്മാരകം പണിയുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു.

ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കെ എം മാണിയുടെ സ്മാരകം പണിയുന്നതിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന പരിഹസിച്ച് വിടി ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

മരിച്ച നേതാക്കള്‍ക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികമാണെന്നും ജോസ് കെ മാണിയെ ലക്ഷ്യം വച്ചുള്ള നീക്കമായൊന്നും അതിനെ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനധനകാര്യവകുപ്പ് കൈകാര്യം ചെയ്ത കെഎം മാണി കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി തുടങ്ങിയ റെക്കോര്‍ഡുകളും ഇപ്പോഴും അദ്ദേഹത്തിനാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന നേട്ടവും അദ്ദേഹത്തിനുണ്ട്.

Top