തിരുവനന്തപുരം: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
അനുരഞ്ജന ശ്രമം നടത്തുന്നതില്‍ പോലും മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
മാധ്യമങ്ങള്‍ നേരിടുന്ന വിലക്കിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇന്നും തയ്യറായിരുന്നില്ല. വിഷയത്തില്‍ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
അതേസമയം കോടതികളിലെ മാധ്യമവിലക്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും നീതിന്യായനിര്‍വഹണം സുതാര്യമാക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിഭാഷകര്‍ ഏര്‍പ്പെടുത്തുന്ന കോടതി വിലക്ക് കഴിഞ്ഞ ദിവസവും തുടര്‍ന്നിരുന്നു.കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു.
അഭിഭാഷകരുടെ ഭീഷണിയെ തുടര്‍ന്നാണ് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.പൊലീസ് ഡ്രൈവറായിരുന്ന മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ ആട് ആന്റണിക്കുള്ള ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലെത്തിയാല്‍ അഭിഭാഷകരുടെ അക്രമം ഉണ്ടാകുമെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജഡ്ജി മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നതെന്നാണ് പൊലീസ് നിലപാട്.