തിരുവനന്തപുരം: ഒരു വശത്ത് ക്രമക്കേടില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് മറുവശത്ത് ആഭ്യന്തര സെക്രട്ടറിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് വന്‍ അഴിമതി കണ്ടെത്തുന്നു. അപ്പോള്‍ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് എന്ത് വിലയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടിലെ പരാമാര്‍ശങ്ങള്‍ ശരിയല്ലെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് വ്യാജവെടിയുണ്ടകള്‍ പിടിച്ചെടുത്തതോടെ ആ റിപ്പോര്‍ട്ട് തന്നെ അസംബന്ധമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള പാഴ് ശ്രമം മാത്രമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അത് കൊണ്ട് ചവറ്റുകൊട്ടയിലിടണം. മുഖ്യമന്ത്രി പറഞ്ഞു കൊടുത്തത് പോലെ ഒരു റിപ്പോര്‍ട്ട് എഴുതി കൊടുത്തു എന്നേ ഉള്ളൂ. സി.എ.ജി നേരത്തെ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി വീണ്ടും റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത്. പര്‍ച്ചേസുകളില്‍ നടന്ന വന്‍ക്രമക്കേടുകള്‍ സംബന്ധിച്ചും ആയുധങ്ങളിലേയും വെടിക്കോപ്പുകളിലേയും കുറവ് സംബന്ധിച്ചും സി.എ.ജി ആഭ്യന്തര വകുപ്പിനോട് നേരത്തെ വിശദീകരണം ആരാഞ്ഞതാണ്.
ആഭ്യന്തര സെക്രട്ടറി കൂടി പങ്കെടുത്ത ചര്‍ച്ചകള്‍ക്കു ശേഷമാണ് സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. എന്നിട്ടും സി.എ.ജി കഴമ്പില്ലെന്ന് കണ്ടെത്തിയ അതേ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സി.എ.ജി സൂക്ഷ്മമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറിയില്‍ നിന്ന് വേഗത്തിലൊരു റിപ്പോര്‍ട്ട് എഴുതി വാങ്ങി നേരിടാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണ് എന്നും അദ്ദേഹം പറഞ്ഞു.