സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന് തിരിച്ചടി. സൂപ്പര്‍ താരവും നായകനുമായ സെര്‍ജിയോ റാമോസിന് പരിക്കേറ്റതാണ് ക്ലബിന് തിരിച്ചടിയായിരിക്കുന്നത്. ഇടതുകാലിന്റെ പേശിക്കാണ് റാമോസിന് പരിക്കേറ്റത്. മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെയാണ് റാമോസിന് പരിക്കേറ്റ കാര്യം റയല്‍ മഡ്രിഡ് അധികൃതര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ താരത്തിന് എത്രനാള്‍ വിശ്രമം വേണ്ടി വരുമെന്ന് അറിയിച്ചിരുന്നില്ല. മൂന്നാഴ്ചയെങ്കിലും റാമോസിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിക്കേറ്റതോടെ ലെഗാനിസ്, അത്‌ലെറ്റിക്കോ ബില്‍ബാവോ, ഗെറ്റാഫെ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ റാമോസിന് നഷ്ടമാകും. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് റയല്‍ നേരത്തെ പുറത്തായതിനാല്‍ ലാ ലിഗ മത്സരങ്ങള്‍ മാത്രമെ റയലിനിനി കളിക്കാന്‍ സാധിക്കൂ. ലീഗില്‍ മൂന്നാമതാണ് റയലിന്റെ സ്ഥാനം. രണ്ടാം സ്ഥാനത്ത് രണ്ട് പോയിന്റുമായി അത്‌ലെറ്റിക്കോ മഡ്രിഡാണുളളത്. റാമോസിന് കളിക്കാന്‍ സാധിക്കാത്തതിനാല്‍ അത്‌ലെറ്റിക്കോയെ മറികടക്കാനുള്ള റയലിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുമോ എന്നാണ് ആരാധകരുടെ ആശങ്ക