കാർ രാഷ്ട്രീയത്തിൽ നേട്ടം കൊയ്തത് ഉമ്മൻ ചാണ്ടി, അടിതെറ്റി ചെന്നിത്തല

കാര്‍ വിവാദം തിരിച്ചടിച്ചത് രമ്യയ്‌ക്കെതിരേ മാത്രമല്ല രമേശ് ചെന്നിത്തലയുടെ ഇമേജിനെ കൂടിയാണ്. രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ കാര്‍ നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്നത് ചെന്നിത്തലയായിരുന്നു. വിവാദത്തെ തുടര്‍ന്ന് രമ്യ കാര്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചെങ്കിലും നാണം കെട്ടത് ചെന്നിത്തലയാണ്. ശമ്പളവും അലവന്‍സുമായി പ്രതിമാസം 2.30 ലക്ഷം കൈപ്പറ്റുന്ന രമ്യയ്ക്ക് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരില്‍ നിന്നും പിരിവെടുത്തതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

ശമ്പളവും അലവന്‍സുമായി എം.പിക്ക് 1.90 ലക്ഷമാണ് കിട്ടുന്നതെന്ന അനില്‍ അക്കരയുടെ ന്യായീകരണവും പൊളിഞ്ഞു കഴിഞ്ഞു. 2018ല്‍ പുതുക്കിയ ശമ്പളവും അലവന്‍സുകളും പ്രകാരം എം.പിക്ക് ഒരു ലക്ഷം രൂപ ശമ്പളവും 70,000 രൂപ മണ്ഡലം അലവന്‍സും 60,000 രൂപ ഓഫീസ് അലവന്‍സുമുണ്ട്. ഔദ്യോഗിക യാത്രകള്‍ക്ക് കിലോ മീറ്ററിന് 16 രൂപ വച്ച് വേറെയും കിട്ടും.

പാര്‍ലമെന്റ് ചേരുമ്പോള്‍ ദിവസം 2,000 രൂപവെച്ച് പ്രത്യേക സിറ്റിങ് അലവന്‍സും എം.പിമാര്‍ക്കുണ്ട്. ബഡ്ജറ്റ് സെഷന്‍സ്, മണ്‍സൂണ്‍ സെഷന്‍, വിന്റര്‍ സെഷന്‍ എന്നിങ്ങനെ മൂന്നു സെഷനുകളായി ഒമ്പതു മാസത്തോളം പാര്‍ലമെന്റ് ചേരും. ഈ ഇനത്തില്‍ തന്നെ വലിയൊരു സംഖ്യ രമ്യയ്ക്ക് സിറ്റിങ് അലവന്‍സായി മാത്രം ലഭിക്കും. ഡല്‍ഹിയില്‍ ഫ്ളാറ്റ്, വിമാന, ട്രെയിന്‍ യാത്രാ സൗജന്യം അടക്കം നിരവധി അനുകൂല്യങ്ങള്‍ വേറെയും അവര്‍ക്കു ലഭിക്കും.

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ രമ്യയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പിരിവ് നടത്തി കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന ചോദ്യമാണ് ചെന്നിത്തലയിപ്പോള്‍ നേരിടുന്നത്. താക്കോല്‍ദാന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോഴെങ്കിലും തിരുത്താമായിരുന്നു എന്ന വിമര്‍ശനം കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗത്തിനുമുണ്ട്. രമ്യ ഹരിദാസിനെ ഐ വിഭാഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനു വേണ്ടിയാണ് ചെന്നിത്തല ശ്രമം നടത്തുന്നതെന്ന ആക്ഷേപവും പാര്‍ട്ടിക്കകത്ത് ശക്തമാണ്.

വി.എം സുധീരന്റെ അടുത്ത അനുയായിയായ എം.എല്‍.എ അനില്‍ അക്കരെയും എ ഗ്രൂപ്പ് നേതാവായ ഷാഫി പറമ്പിലുമാണ് ആലത്തുരില്‍ രമ്യയുടെ പ്രചരണങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഗ്രൂപ്പിലും ഇല്ലെന്ന് അവകാശപ്പെടുന്ന വി.ടി ബല്‍റാമും ആലത്തൂരില്‍ രമ്യക്കായി സജീവ ഇടപെടല്‍ നടത്തിയിരുന്നു.

ഐ വിഭാഗത്തെ സംബന്ധിച്ച് കാര്യമായ ഒരു ഇടപെടല്‍ മണ്ഡലത്തില്‍ നടത്താന്‍ കഴിഞ്ഞിരുന്നുമില്ല. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഐ ഗ്രൂപ്പ് മത്സരിച്ച മണ്ഡലമായതിനാല്‍ രമ്യ ഐ ക്കാരിയാണെന്നാണ് ഐ വിഭാഗം നേതാക്കള്‍ പറയുന്നത്. ഒരു ഗ്രൂപ്പിന്റെയും പിന്‍ബലത്തിലല്ലാതെ കഴിവ് മാത്രം മാനദണ്ഡമാക്കിയാണ് രമ്യക്ക് സീറ്റ് കിട്ടിയതെന്ന വാദമെന്നും ഐ വിഭാഗം നേതാക്കള്‍ അംഗീകരിക്കുന്നില്ല.

ഞങ്ങള്‍ മത്സരിച്ചിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ആര് മത്സരിച്ചാലും അവര്‍ ഐ വിഭാഗത്തിന്റെ പ്രതിനിധിയാണെന്നാണ് വാദം. അതിരുവിട്ട ഈ അവകാശവാദത്തിന് കോണ്‍ഗ്രസ്സിലെ മറുവിഭാഗം കൊടുത്ത ‘എട്ടിന്റെ പണി’യാണ് കാര്‍ വിവാദം. ചെന്നിത്തലയെ താക്കോല്‍ദാനത്തിനായി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി തീരുമാനിച്ചത് തന്നെ എ വിഭാഗത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല.

കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിവരമറിയിച്ചതും പാര വച്ചതുമെല്ലാം സ്ഥലത്തെ പ്രധാന എ വിഭാഗം നേതാക്കളാണ്. കാര്‍ പിരിവെടുത്ത് വാങ്ങുന്നതില്‍ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും പരസ്യമായി പ്രതികരിക്കരുത് എന്ന നിര്‍ദ്ദേശമാണ് ഉമ്മന്‍ ചാണ്ടി അണികള്‍ക്ക് നല്‍കിയിരുന്നത്. രമ്യയെ ഐ വിഭാഗത്തോട് അടുപ്പിക്കാന്‍ അത്തരം ഒരു നിലപാട് കാരണമാകുമെന്ന് കണ്ടായിരുന്നു തന്ത്രപരമായ ഈ സമീപനം.

വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് നിലപാട് സ്വീകരിക്കട്ടെ എന്നത് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെയും നിലപാട്. പരാതി കേട്ടപാതി കേള്‍ക്കാത്ത പാതി എന്ന രീതിയില്‍ രൂക്ഷമായി പ്രതികരിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നത്. ഏറെക്കാലം എം.പിയായിരുന്ന മുല്ലപ്പള്ളി തന്നെ പിരിവ് എടുത്ത് കാര്‍ വാങ്ങുന്നതിനെ എതിര്‍ത്തതോടെ ശരിക്കും വെട്ടിലായത് ചെന്നിത്തലയാണ്.

സോഷ്യല്‍ മീഡിയയില്‍ സഖാക്കള്‍ കൂട്ടത്തോടെ ആക്രമിച്ചതോടെ രമ്യയും നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായി. കാര്‍ തനിക്ക് വേണ്ടന്നും കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം പൂര്‍ണമായും മാനിക്കുന്നു എന്നുമായിരുന്നു എം.പിയുടെ പ്രതികരണം. വിവാദം മൂലം തന്റെ ഇമേജ് തകരുന്നതിലായിരുന്നു അവരുടെ ആശങ്ക. രമ്യക്ക് കാറിന്റെ കീ നല്‍കി ഐ ഗ്രൂപ്പില്‍ ഉറപ്പിച്ച് നിര്‍ത്താമെന്ന ചെന്നിത്തലയുടെ ആഗ്രഹമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

അടുത്ത മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ചെന്നിത്തലയെ സംബന്ധിച്ച് ഗ്രൂപ്പ് ശക്തിയാര്‍ജിക്കേണ്ടത് നിലനില്‍പ്പിന്റെ തന്നെ ആവശ്യമാണ്. കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ വിഭാഗക്കാരാവണമെന്നതാണ് ചെന്നിത്തല ആഗ്രഹിക്കുന്നത്.

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഹൈക്കമാന്റില്‍ തനിക്ക് വേണ്ടി കൈ ഉയര്‍ത്താന്‍ എം.പിമാരിലും ശക്തി വേണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ്സിന്റെ 15 എം.പിമാരില്‍ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, കെ.മുരളീധരന്‍, വി.കെ ശ്രീകണ്ഠന്‍ എന്നിവരാണ് ഐ വിഭാഗക്കാരായി ചെന്നിത്തല കണക്ക് കൂട്ടുന്നത്.

എന്നാല്‍ ഇതില്‍ കെ.മുരളീധരനും സുധാകരനും ചെന്നിത്തലയുമായി അകല്‍ച്ചയിലാണ്. വി.കെ ശ്രീകണ്ഠനാകട്ടെ കൂറ് വി.എം സുധീരനോടാണ്. സോളാര്‍ വിഷയത്തില്‍ ഉടക്കുള്ളതിനാല്‍ അടൂര്‍ പ്രകാശിനും ഹൈബിക്കും പോലും ചെന്നിത്തലയോട് പഴയ താല്‍പ്പര്യവും ഇല്ല. ഉമ്മന്‍ ചാണ്ടിയെ വെറുപ്പിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെന്നിത്തലയെ പിന്തുണക്കുമോ എന്ന കാര്യവും സംശയമാണ്.

ചുരുക്കി പറഞ്ഞാല്‍ ഉറപ്പിച്ച് ഒരു കൈ പോലും എം.പിമാരുടെ ഭാഗത്ത് നിന്നും ചെന്നിത്തലക്ക് വേണ്ടി ഉയരാനില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇതു തന്നെയാണ് രമ്യയെ പോലുള്ളവരെ കൂടെ നിര്‍ത്താന്‍ ചെന്നിത്തലയെ പ്രേരിപ്പിക്കുന്നത്.

കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ ഭൂരിപക്ഷ പിന്തുണ ഏത് നേതാവിനാണോ ലഭിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകും എന്നാണ് ഐ വിഭാഗം പറയുന്നത്. കാലുവാരി തോല്‍പ്പിച്ചാണെങ്കിലും ഐ മേധാവിത്വം എം.എല്‍.എമാരില്‍ പ്രകടമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ശക്തമായ അടിത്തറയുള്ള എ വിഭാഗം തിരിച്ചും ‘പണിതാല്‍’ ദേശീയ ദുരന്തം കോണ്‍ഗ്രസിന് കേരളത്തിലും ആവര്‍ത്തിക്കാനാണ് സാധ്യത.

മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്സ് തുടങ്ങിയ ഘടക കക്ഷികളെ കൂടി ഒപ്പം നിര്‍ത്തിയുള്ള ഒരു വിലപേശലാണ് എ വിഭാഗം മുന്നില്‍ കാണുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ ഘടകകക്ഷികള്‍ പിന്തുണക്കുമെന്നാണ് എ വിഭാഗത്തിന്റെ പ്രതീക്ഷ. എം.പിമാരിലെ ഭൂരിപക്ഷവും ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെട്ടതോടെ സ്വന്തം ഗ്രൂപ്പില്‍ തന്നെ കടുത്ത എതിര്‍പ്പിപ്പോള്‍ ചെന്നിത്തല നേരിടുന്നുണ്ട്. ഉടന്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്ന നാല് സീറ്റിലും കഴിഞ്ഞ തവണ മത്സരിച്ചത് ഐ ഗ്രൂപ്പാണ്. ഇതില്‍ മൂന്നിലും ജയിക്കുകയും ചെയ്തു. ഇത്തവണ പക്ഷേ എല്ലാം ഐ ഗ്രൂപ്പിന് വിട്ടു കൊടുക്കാന്‍ എ വിഭാഗം തയ്യാറല്ല.

ഇതും രമേശ് ചെന്നിത്തലയെ സംബന്ധിച്ച് തിരിച്ചടിയാകും. പിടിവാശി തുടര്‍ന്നാല്‍ എ വിഭാഗം പാലം വലിച്ചാല്‍ ഒരു സീറ്റിലും കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിയുകയുമില്ല. ചെന്നിത്തലയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് കിട്ടുന്ന അവസരത്തിലെല്ലാം തിരിച്ചടി നല്‍കാന്‍ തന്നെയാണ് എ വിഭാഗത്തിന്റെ തീരുമാനം. രമ്യയെ പാളയത്തില്‍ എത്തിക്കാനുള്ള നീക്കം പൊളിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമാണ്.

Political Reporter

Top