വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ രാഷ്ട്രീയം നോക്കിയാണ്; തുറന്നടിച്ച് രമ്യാ ഹരിദാസ്

തൃശൂര്‍: വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് രംഗത്ത്.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്നാണ് രമ്യ പറയുന്നത്. ഇക്കാര്യം അറിയിച്ച ശേഷം ഒന്നു വിളിച്ചുപോലും ചോദിച്ചില്ലെന്നും രമ്യ തുറന്നടിച്ചു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ എതിര്‍ സ്ഥാനാര്‍ഥിയായ വനിതയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. എന്നാല്‍, താന്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ ഒന്നും ചെയ്തില്ല. അവര്‍ വ്യക്തമാക്കി.

വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ രാഷ്ട്രീയം നോക്കിയാണ്. താന്‍ സ്വാധീനമില്ലാത്ത സാധാരണക്കാരിയായതിനാലാകും തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തത്, രമ്യ കുറ്റപ്പെടുത്തി.

Top