പി.കെ ബിജുവിനെ ‘പൂട്ടാൻ’ പെൺപുലി, ആടി ഉലയുന്നത് ഉറച്ച ചുവപ്പ് കോട്ട . . !

സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നുള്ള നിരവധി യുവ പ്രവര്‍ത്തകരെ ലോകസഭയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പാര്‍ട്ടിയാണ് സി.പി.എം. അത് വിദ്യാര്‍ത്ഥി നേതാവായിരുന്ന ശിവരാമനില്‍ തുടങ്ങി പി.കെ ബിജുവില്‍ വരെ എത്തി നില്‍ക്കുന്നു. ഒറ്റപ്പാലത്ത് നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ലോകസഭയിലെത്തിയ ശിവരാമാന്‍ പിന്നീട് ചെങ്കൊടി വിട്ട് കോണ്‍ഗ്രസ്സ് കൂടാരത്തില്‍ ചേക്കേറി. പിന്നീട് വന്ന എസ്. അജയകുമാറും വമ്പന്‍ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചത്.ആ പഴയ ഒറ്റപ്പാലം മണ്ഡലം ആലത്തൂരായി രൂപാന്തരം പ്രാപിച്ചപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയിലും ഇപ്പോള്‍ മാറ്റം പ്രകടമാണ്.

പാവപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്കും മറ്റ് അടിസ്ഥാന വര്‍ഗ്ഗത്തില്‍പ്പെട്ട ജനവിഭാഗത്തിനും ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ പി.കെ ബിജുവെന്ന എം.പി ഇന്ന് ഈ നാട്ടുകാരിലെ നല്ലൊരു വിഭാഗത്തിനും അന്യനാണ്.ചെങ്കൊടിയെ വിശ്വസിച്ച് ബിജുവിനെ വിജയിപ്പിച്ചത് അബദ്ധമായി പോയി എന്ന് പറയുന്ന നിരവധി ഇടതുപക്ഷ അനുഭാവികള്‍ തന്നെ ഈ മണ്ഡലത്തിലുണ്ട്.കാരണം രണ്ടാം തവണ വിജയിച്ചതു മുതല്‍ ബിജു പഴയ ബിജുവായിരുന്നില്ല. ഓട്ടോറിക്ഷയിലും ബസിലും ചാടി കയറി യാത്ര ചെയ്ത് സാധാരണക്കാരനായി പാഞ്ഞെത്തുന്ന അജയകുമാറിന്റെ പിന്‍ഗാമിക്ക് എ.സി കാറില്ലാതെ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.

പാവപ്പെട്ട കര്‍ഷകരും കൂലി പണിക്കാരും ഒക്കെ ആയിരുന്നു അജയകുമാറിന്റെ സുഹൃത്തുക്കളെങ്കില്‍ സമ്പന്ന സുഹൃത്തുക്കളായിരുന്നു ബിജുവിനെ നയിച്ചിരുന്നതെന്നാണ് ഇടതുപക്ഷത്ത് നിന്നു തന്നെ ഉയര്‍ന്നിരുന്ന വിമര്‍ശനം. കേരളം പ്രകൃതിയുടെ താണ്ഡവത്തില്‍ വിറങ്ങലിച്ച നിന്ന സമയത്ത് പോലും ഈ എം.പിയുടെ സേവനം വേണ്ടത്ര ലഭ്യമായിരുന്നില്ല. ഫോണില്‍ പോലും വിളിച്ചാല്‍ കിട്ടാത്ത അത്ര ‘അകലത്തിലുള്ള’ എം.പിയെ തങ്ങള്‍ക്ക് വേണ്ട എന്ന പാര്‍ട്ടി അനുഭാവികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബിജുവിനെ ഇനി മത്സരിപ്പിക്കേണ്ടതില്ലന്ന നിലപാടിലായിരുന്നു സി.പി.എം പ്രാദേശിക നേതൃത്വം. ഇക്കാര്യം ജില്ലാ കമ്മറ്റിയെ കീഴ് കമ്മറ്റികള്‍ അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനെ മത്സരിപ്പിക്കാനായിരുന്നു സി.പി.എം ജില്ലാ കമ്മറ്റിക്ക് താല്‍പ്പര്യമുണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും എം.പിമാരുടെ കാര്യത്തില്‍ വന്ന നിര്‍ദ്ദേശം ഈ കണക്ക് കൂട്ടലുകള്‍ എല്ലാം തകിടം മറിക്കുകയായിരുന്നു.

പി.കരുണാകരന്‍ ഒഴികെ എല്ലാ സിറ്റിങ് എം.പിമാരും മത്സരിക്കട്ടെ എന്നതായിരുന്നു സി.പി.എം കേന്ദ്ര-സംസ്ഥാന നേത്യത്വങ്ങളുടെ തീരുമാനം.ചെറ്റക്കുടിലില്‍ നിന്ന് ചുവപ്പു പ്രത്യയശാസ്ത്രം നെഞ്ചേറ്റിയ ചെറുപ്പക്കാരന്‍ എന്ന പ്രതിഛായയാണ് മുന്‍ എസ്.എഫ്.ഐ നേതാവായ പി.കെ ബിജുവിന് ആലത്തൂര്‍ മണ്ഡലത്തില്‍ രണ്ടു വട്ടവും വിജയിക്കാന്‍ വഴിയൊരിക്കിയിരുന്നത്. എം.പിയായ ശേഷം സാധാരണ പ്രവര്‍ത്തകരെ കണ്ണില്‍പ്പിടിക്കാത്ത നേതാവെന്ന പേരുദോഷമാണ് ബിജുവിന് ഇപ്പോള്‍ മണ്ഡലത്തിലുള്ളത്.

പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ആലത്തൂരില്‍ ബിജു രണ്ടു തവണയും വിജയിച്ചിരുന്നത്. ബിജു ഏകപക്ഷീയവിജയം നേടുമെന്ന് ഉറപ്പിച്ച ഈ ചെങ്കോട്ടയില്‍ കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ യൂത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി രമ്യാ ഹരിദാസിനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായ രമ്യ നിറഞ്ഞ ചിരിയും ചുറുചുറുക്കുമായി വോട്ടര്‍മാരെ ഇപ്പോഴെ കൈയ്യിലെടുത്തു തുടങ്ങി

ഞാനല്ല, നമ്മള്‍ എന്ന് 2014ല്‍ രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് പരസ്യത്തിലൂടെയാണ് രമ്യ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഗുഡ് ബുക്കില്‍ കടന്നുകൂടുന്നത്. കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരിക്കെ പദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായും രമ്യ പ്രവര്‍ത്തിച്ചിരുന്നു. അവിടെനിന്നാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചതും വിജയിച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതും.നിമിഷനേരം കൊണ്ട് പരിചയപ്പെട്ടവരുടെ മനസില്‍ ഇടംപിടിക്കാനുള്ള കഴിവാണ് രമ്യ ഹരിദാസിനെ സാധാരണ രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. നാട്ടിന്‍പുറത്തെ കുട്ടിയെന്ന രമ്യയുടെ പ്രതിഛായയും പി.കെ ബിജുവിനെ പ്രതിരോധത്തിലാക്കുന്നു. 2009ല്‍ പി.കെ ബിജു അലത്തൂരില്‍ കന്നി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തുണച്ച അനുകൂല ഘടകങ്ങളെല്ലാം ഇത്തവണ രമ്യ ഹരിദാസിനൊപ്പമാണ്.

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ പ്രധനിധീകരിച്ചിരുന്ന ഒറ്റപ്പാലം പുനര്‍നിര്‍ണയിച്ചാണ് 2009തില്‍ ആലത്തൂരുണ്ടായത്.തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി എന്നിങ്ങനെ പാലക്കാട്, തൃശൂര്‍ ജില്ലകളിലായാണ് മണ്ഡലം വ്യാപിച്ചു കിടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ ആറും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. വടക്കാഞ്ചേരിയില്‍ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.2009തില്‍ കന്നിയങ്കത്തില്‍ പി.കെ ബിജു 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. 2014ല്‍ ഭൂരിപക്ഷം 37,312 വോട്ടായി ഉയര്‍ത്താനായി. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് അലത്തൂര്‍. കെ.എസ്.ആര്‍.ടി.സിയില്‍ യാത്രചെയ്യുന്ന എം.പിമാരായ എന്‍.എന്‍ കൃഷ്ണദാസിനെയും അജയകുമാറിനെയും കണ്ടു പരിചയിച്ചവരാണ് പാലക്കാട്ടെ വോട്ടര്‍മാര്‍.

എന്നാല്‍ എ.സി കാറില്‍ നിന്നും ഇറങ്ങാന്‍ സമയംകിട്ടാത്ത പി.കെ ബിജുവിന്റെ സാന്നിധ്യം മണ്ഡലത്തില്‍ വിരളമായിരുന്നു. അധികസമയവും എം.പി ഡല്‍ഹിലായിരുന്നു. സി.പി.എം പ്രാദേശിക നേതൃത്വവും ജില്ലാ കമ്മിറ്റിയും പലപ്പോഴായി ബിജുവിനോട് ഇടയുകയും ശൈലിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ കോട്ടയം ജില്ലക്കാരനായ നേതാവിന്റെ ഉറച്ച പിന്തുണയില്‍ പ്രാദേശിക നേതൃത്വത്തിനു മുകളില്‍ പറക്കുകയായിരുന്നു ബിജു. രാഹുല്‍ ബ്രിഗേഡായി കുന്ദമംഗലത്തുനിന്നെത്തുന്ന രമ്യഹരിദാസിന് ആലത്തൂര്‍ കോട്ടയില്‍ അട്ടിമറി വിജയം നേടാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പയറ്റുന്നത്. അതിന് ഇടതുക്യാമ്പിലെ വോട്ട് ചോര്‍ച്ചയും യി.ഡി.എഫ് ലക്ഷ്യംവെക്കുന്നുണ്ട്. ആരെ ചെങ്കൊടി പിടിപ്പിച്ച് നിര്‍ത്തിയാലും വിജയിക്കുമെന്ന് സി.പി.എം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മണ്ഡലത്തില്‍ ചെമ്പടക്ക് അടിപതറിയാല്‍ അത് വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ് കേരളത്തില്‍ ഉണ്ടാക്കുക.

Top