റംസാന്‍ മാസത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; എതിര്‍പ്പറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായ് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്ന് പാര്‍ട്ടി പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പത്താം തിയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

31 ശതമാനം മുസ്‌ലിം വോട്ടുകളുള്ള ബംഗാളില്‍ റംസാന്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് ഫലത്തെ ദോഷകരമായി ബാധിക്കുമെന്നും വരും ദിവസങ്ങളില്‍ ഇത് ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നു. ബംഗാളിലെ മാല്‍ഡയില്‍ 52 ശതമാനവും മുര്‍ഷിദബാദില്‍ 66 ശതമാനവും മുസ്‌ലിം വോട്ടുകളുണ്ട്. റംസാന്‍ ദിനങ്ങളില്‍ വോട്ടെടുപ്പ് വരുമ്പോള്‍ മുസ്‌ലിംങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതായിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കിം കൂട്ടിച്ചേര്‍ത്തു.

Top