സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു. മികച്ച ക്രൈം ആക്ഷന്‍ ഡ്രാമയാണ് ഈ ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. നവാഗതനായ നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ റഹ്മാനും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.
ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്.
അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.
ഹോളിവുഡില്‍ നിന്നുള്ള സംഘട്ടന സംവിധായകരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. ഹൗസ് ഓഫ് കാര്‍ഡ്‌സ്, മര്‍ഡര്‍ കോള്‍സ് എന്നീ സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങളൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റിയാണ് രണത്തിലെ സംഘട്ടന രംഗങ്ങളൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.