കരീനയുടെ രണ്ടാമത്തെ കുട്ടിയുടെ പേര് പുറത്തുവിട്ട് രണ്‍ദീര്‍ കപൂര്‍

ബോളിവുഡ് താരദമ്പതികളായ കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും തൈമൂറിന് ശേഷം ഒരു ആണ്‍ കുഞ്ഞ് പിറന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. വാര്‍ത്തകളിലിടം പിടിച്ച രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും ആകാംക്ഷയിലാണ്. ഇപ്പോഴിതാ, കരീനയുടെ അച്ഛനും നടനുമായ രണ്‍ദീര്‍ കപൂര്‍ തന്റെ ഇളയ പേരക്കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.

കരീന- സെയ്ഫ് അലി ഖാന്‍ ദമ്പതികളുടെ രണ്ടാമത്തെ മകന് ജേ എന്ന് പേരിട്ടതായി രണ്‍ദീര്‍ കപൂര്‍ അറിയിച്ചു. അടുത്തിടെയാണ് താരജോഡികള്‍ തങ്ങളുടെ ഇളയപുത്രന് പേരിട്ടതെന്നും രണ്‍ദീര്‍ ഒരു മാധ്യമത്തിനോട് വിശദമാക്കി.

നീല ചിഹ്നമുള്ള പക്ഷി’ എന്നാണ് ലാറ്റിന്‍ ഭാഷയില്‍ ജേയുടെ അര്‍ഥം. ഇരുമ്പ് എന്നാണ് തൈമൂര്‍ അര്‍ഥമാക്കുന്നത്. കരീന മൂത്ത മകന് തൈമൂറെന്ന പേര് തെരഞ്ഞെടുക്കാന്‍ കാരണം തന്റെ മകന്‍ ഒരു ശക്തനായ മനുഷ്യനാവണമെന്നതിനാലാണ്. കഴിഞ്ഞ ഫെബ്രുവരി 21നാണ് കരീന കപൂര്‍ രണ്ടാമത്തെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതായി 2020 ഓഗസ്റ്റില്‍ താരദമ്പതികള്‍ ആരാധകരെ അറിയിച്ചിരുന്നു. 2016 ഡിസംബറിലായിരുന്നു ഇരുവരും തമ്മില്‍ വിവാഹിതരാകുന്നത്.

ആദ്യ ഭാര്യ അമൃത സിംഗുമായുള്ള ബന്ധത്തില്‍ സെയ്ഫ് അലി ഖാന് സാറ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ബോളിവുഡിലെ പ്രമുഖ നടിയായിരുന്ന അമൃത സിംഗുമായി വിവാഹമോചനം നേടിയ ശേഷമാണ് സെയ്ഫ് അലി ഖാന്‍ കരീനയെ ജീവിതപങ്കാളിയാക്കുന്നത്.

അതേ സമയം, തന്റെ രണ്ട് ഗര്‍ഭകാലത്തെയും അനുഭവങ്ങള്‍ കരീന ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ ‘പ്രെഗ്നന്‍സി ബൈബിള്‍’ എന്ന പേരിലുള്ള തന്റെ പുസ്തകം കരീന കപൂര്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയും ചെയ്തു.

 

Top