കൊച്ചി: പൾസർ സുനിയെ കോടതി റൂമിലിട്ട് പോലും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് ധൈര്യം നൽകിയത് റേഞ്ച് ഐജി പി വിജയൻ നൽകിയ നിർദ്ദേശത്തെ തുടർനെന്ന് സൂചന.
എവിടെ കണ്ടാലും ഏത് ഉന്നത സ്ഥലങ്ങളിൽ അഭയം പ്രാപിച്ചാലും പൾസർ സുനിയെയും കൂട്ടുപ്രതിയെയും കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു നിർദ്ദേശമത്രെ.
ഇതിനായി എറണാകുളം സിജെഎം കോടതി പരിസരത്ത് പൊലീസിനെ വിന്യസിച്ചതും ഐജി ആയിരുന്നു.
പൊലീസിനെ വെട്ടിച്ച് കീഴടങ്ങുകയാണെങ്കിൽ കോടതിയോട് കസ്റ്റഡിയിൽ ആവശ്യപ്പെടണമെന്ന അഭിപ്രായം ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും പിടിച്ചിട്ട് കോടതിയോട് കസ്റ്റഡിയിൽ ചോദിക്കാമെന്ന നിലപാടായിരുന്നു റേഞ്ച് ഐജി പ്രകടിപ്പിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം
‘പൊലീസുമുറയിൽ’ പ്രതിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നാണ് സൂചന.
പൊലീസ് പിന്തുടരുന്നതിൽ ഗതികെട്ടാണ് സുനിലും, വിജീഷും കോടതിയിലെത്താൻ തീരുമാനിച്ചത്. കാമുകിമാരടക്കമുള്ളവരെ ‘പൊക്കി ‘ പൊലീസ് നടത്തിയ ഇടപെടൽ പൾസറിനെ അസ്വസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ച പൾസറും കൂട്ടുപ്രതിയും സാഹചര്യം അനൂകൂലമല്ലാത്തതിനാൽ എറണാകുളത്തേക്ക് രാത്രി മടങ്ങിയെത്തുകയായിരുന്നു.
സിജെഎം കോടതിയിലെത്തിയ പ്രതികളെ കോടതി റൂമിലിട്ട് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകരുടെ ചെറുത്ത് നിൽപ്പും ഇവിടെ വില പോയില്ല.