അയോധ്യ വിധിക്ക് ശേഷം ബെഞ്ച് അംഗങ്ങളെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നെന്ന് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ്-രാമ-ജന്‍മ ഭൂമി തര്‍ക്കത്തിലെ നിര്‍ണായക സുപ്രീം കോടതി വിധിക്ക് ശേഷം സുപ്രീം ബെഞ്ചംഗങ്ങളെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ്.

ഹോട്ടല്‍ താജ് മന്‍സിംഗില്‍ എല്ലാവരും ഒത്തുകൂടുകയും വൈന്‍ കുടിച്ച് ആഘോഷിക്കുകയും ചെയ്തതായാണ് തുറന്നു പറച്ചില്‍. രഞ്ജന്‍ ഗൊഗോയുടെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളെ പറ്റി പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിലൊന്നായാണ് അയോധ്യ വിധിയും പരാമര്‍ശിച്ചിരിക്കുന്നത്. ‘വിധിപ്രസ്താവനയ്ക്ക് ശേഷം അശോകചക്രത്തിന് താഴെ ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ സെക്രട്ടറി ജനറല്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചു. വൈകുന്നേരം ഞാന്‍ വിധികര്‍ത്താക്കളെ അത്താഴത്തിന് താജ് മന്‍സിംഗ് ഹോട്ടലിലേക്ക് കൊണ്ട് പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു. അവിടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച വൈന്‍ കുപ്പി പങ്കിട്ടു,’ ഗൊഗോയ് ആത്മകഥയില്‍ പറയുന്നു.

രഞ്ജന്‍ ഗൊഗോയ്ക്ക് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരായിരുന്നു അയോധ്യ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചംഗങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയില്‍ അയോധ്യ വിധിക്ക് പുറമെ, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ രഞ്ജന്‍ ഗൊഗോയ് പരാമര്‍ശിക്കുന്നുണ്ട്.

Top