റാഞ്ചി: ജാര്‍ഖണ്ഡില്‍ വിജയക്കൊടിപാറിച്ച ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാഹുല്‍ ഗാന്ധി, ശരത്പവാര്‍ എന്നിവര്‍ക്ക് ക്ഷണമുണ്ട്. മാത്രമല്ല സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും. ഇതില്‍ ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സിന് കിട്ടിയേക്കും.
ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും. ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള്‍ നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. 2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകളാണ് കിട്ടിയത്.