ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; പോളിംഗ് അല്‍പ്പസമയത്തേക്ക് നിര്‍ത്തി വെച്ചു

shoot

റാഞ്ചി: ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്. ഗുംല ജില്ലയിലെ സിര്‍സ മണ്ഡലത്തിലാണ് പോളിംഗ് ബൂത്തിലേക്ക് വെടിവെയ്പ്പുണ്ടായത്. ഇതേ തുടര്‍ന്ന് പോളിംഗ് അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വാഹനത്തിനും വെടിയേറ്റിട്ടുണ്ട്. ആക്രമണസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്. പോളിങ് നടക്കുന്ന മിക്ക പ്രദേശങ്ങളിലും മാവോയിസ്റ്റു സാന്നിധ്യം ഉള്ളതിനാല്‍ കനത്ത സുരക്ഷയ്ക്കായി കേന്ദ്ര സേനയുള്‍പ്പെടെ 42,000 സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരുന്നത്. ഇതിനിടയിലാണ് വെടിവെയ്പ്പ് ഉണ്ടായത്.

അഞ്ചുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. 47,24,968 വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കും.മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കം 260 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സ്ഥാനാര്‍ഥികളില്‍ 29 പേര്‍ വനിതകളാണ്.

മുഖ്യമന്ത്രി രഘുബര്‍ദാസ് മത്സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റിലാണ് ശ്രദ്ധേയമത്സരം. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്‍ സ്വതന്ത്രനായി മത്സരിക്കുന്ന സരയു റോയി ആണ് പ്രധാന എതിരാളി. സ്പീക്കര്‍ ദിനേഷ് ഒറാവ് ബി.ജെ.പി.ടിക്കറ്റില്‍ സിസയിലും ഗ്രാമവികസനമന്ത്രി നീല്‍കണ്ഡ് സിങ് മുണ്ട ഖുംടിയിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണ്‍ ഗിലുവ ചക്രധാര്‍പൂരിലും ജനവിധി തേടുന്നു.

രണ്ടാംഘട്ടത്തില് 9 മണിവരെ ഏകദേശം 13.03% പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അഞ്ചുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 13 മണ്ഡലങ്ങളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 23 നാണ് അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.

Top