കൊച്ചി: പത്രം സിനിമയില്‍ ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെടുത്തിയ മാസ് ഡയലോഗിന്റെ പിറവിയെ കുറിച്ച് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ച് താന്‍ ചിത്രത്തില്‍ എഴുതിയത് ഉത്തമ ബോധ്യത്തോടെയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
രഞ്ജി പണിക്കരുടെ വാക്കുകള്‍
‘ചാരക്കേസിനെക്കുറിച്ച് എനിക്കുള്ള ഉത്തമ ബോധ്യമാണ് ചിത്രത്തിലെ ഡയലോഗുകള്‍. കേസിന് ഇല്ലാത്തൊരു ഡയമെന്‍ഷന്‍ ഉണ്ടാക്കിയത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ അത് തെളിയിക്കട്ടെ’.
മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന അനുകൂലമായ സുപ്രീംകോടതി വിധി കഴിഞ്ഞ ദിവസം എത്തിയിരുന്നു.
24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്.
നമ്പി നാരായണനെ അനാവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചുവെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിക്കാണ് അന്വേഷണ ചുമതല.