തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മുൻനിര ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരം വരുൺ ആറോണിന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡുമായാണ് ആദ്യമൽസരം.
രാജ്യാന്തര പരിശീലകനായ ഡേവ് വാട്മോറിന്റെ കീഴിൽ കളത്തിലിറങ്ങുന്ന കേരളത്തിന്റെ ആദ്യലക്ഷ്യം ക്വാർട്ടർ ഫൈനലാണ്.
ഗ്രൂപ്പ് ബിയിൽ ജാർഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, സൗരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീർ എന്നീ ടീമുകളുമായാണ് കേരളത്തിന്റെ പോരാട്ടം. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവർ ക്വാർട്ടർ ഫൈനലിലേക്കു കടക്കും.
ചെന്നൈയിൽ രഞ്ജി ട്രോഫിക്കു മുന്നോടിയായി നടത്തിയ പരിശീലന ക്യാംപും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ മിക്സഡ് ഏജ് ടൂർണമെന്റും കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിൽ മധ്യപ്രദേശിന്റെ ജലജ് സക്സേന, തമിഴ്നാടിന്റെ അരുൺ കാർത്തിക് എന്നിവരുമുണ്ട്.
സച്ചിൻ ബേബി, സഞ്ജു സാംസൺ, അരുൺ കാർത്തിക്, സൽമാൻ നിസാർ, പി.രാഹുൽ (ബാറ്റ്സ്മാൻമാർ), രോഹൻ പ്രേം, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ (ഓൾ റൗണ്ടർ), വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), സന്ദീപ് വാരിയർ, ബേസിൽ തമ്പി, എം.ഡി.നിധീഷ്, കെ.എം.ആസിഫ് (പേസർമാർ), കെ.മോനിഷ് (ഇടംകയ്യൻ സ്പിന്നർ). ഫാബിദ് ഫാറൂഖ്, എഫ്.ഡാരിൽ, ആത്തിഫ് ബിൻ അഷ്‌റഫ്, സിജോമോൻ ജോസഫ്, കെ.സി.അക്ഷയ് എന്നിവരാണു കേരളടീമിൽ. ഡേവ് വാട്മോറിനൊപ്പം ബോളിങ് കോച്ച് ആയി ടിനു യോഹന്നാനുമുണ്ട്.
വരുൺ ആരോണിന്റെ നേതൃത്വത്തിൽ ജാർഖണ്ഡ് ടീമിൽ ഐപിഎൽ താരങ്ങളായ സൗരഭ് തിവാരി, ഇഷാൻ കിഷൻ, ഷഹ്ബാസ് നദീം, ഇഷാങ്ക് ജഗ്ഗി, ജസ്‌കരൺ സിങ്ങ് എന്നിവരാണ് കളിക്കാനിറങ്ങുന്നത്.