രഞ്ജി ട്രോഫി ക്രിക്കറ്റ് ; സമനില വഴങ്ങി കേരളം, വിജയത്തിനായി കേരളത്തിന് ഇനിയും കാത്തിരിക്കണം

റായ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ ഒരു വിജയത്തിനായി കേരളത്തിന് ഇനിയും കാത്തിരിക്കണം. തിങ്കളാഴ്ച ഛത്തീസ്ഗഢിനെതിരെയും സമനില വഴങ്ങി. രണ്ടാം ഇന്നിങ്സില്‍ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു നില്‍ക്കേ ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഛത്തീസ്ഗഢ് ബാറ്റിങ് തുടങ്ങി ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്തു നില്‍ക്കേ മത്സരം അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനുമാണ് രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം കാഴ്ചവെച്ചത്. സച്ചിന്‍ (94), അസ്ഹറുദ്ദീന്‍ (50*) എന്നിങ്ങനെയാണ് സ്‌കോറുകള്‍. രോഹന്‍ കുന്നുമ്മല്‍ (36), വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍ എന്നിവര്‍ 24, രോഹന്‍ പ്രേം (17) എന്നിവരും പുറത്തായി. അജയ് മണ്ടല്‍ രണ്ടും ആഷിശ് ചൗഹാന്‍, രവി കിരണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഛത്തീസ്ഗഢിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ റിഷഭ് തിവാരിയും (39) അശുതോഷ് സിങ്ങും (25) പുറത്താവാതെ നിന്നു. 14 റണ്‍സ് നേടിയ ശശാങ്ക് ചന്ദ്രകാറാണ് ഔട്ടായത്. നേരത്തേ ഒന്നാം ഇന്നിങ്സില്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, രോഹന്‍ പ്രേം എന്നിവരുടെ കരുത്തില്‍ കേരളം 350 റണ്‍െസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഛത്തീസ്ഗഢ് 312 റണ്‍സെടുത്തു. ഇതോടെ കേരളത്തിന് 38 റണ്‍സ് ലീഡായി. ഏക്നാഥ് കെര്‍ക്കറിന്റെ സെഞ്ചുറി (118) മികവിലാണ് ഛത്തീസ്ഗഢ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. രണ്ടാം ഇന്നിങ്സില്‍ കേരളം 251-ന് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഛത്തീസ്ഗഢിന് 290 റണ്‍സായി വിജയലക്ഷ്യം. ഛത്തീസ്ഗഢിന്റെ മറുപടി ബാറ്റിങ് 79-ല്‍ നില്‍ക്കേ കളി അവസാനിപ്പിച്ചു.

Top