തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ ബംഗാളിന് 449 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രോഹന്‍ കുന്നുന്മേല്‍, സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ നേടിത്തന്നത്.
മൂന്നാം ദിനം എട്ട് വിക്കറ്റിന് 172 റണ്‍സെന്ന നിലയിലാണ് ബംഗാള്‍ ബാറ്റിംഗ് പുഃനരാരംഭിച്ചത്. സ്‌കോര്‍ 180ല്‍ എത്തിയപ്പോഴേയ്ക്കും അവശേഷിച്ച രണ്ട് വിക്കറ്റുകള്‍ കൂടെ ബംഗാളിന് നഷ്ടമായി. ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിന്റെ ശക്തമായ ലീഡാണ് കേരളം നേടിയത്. ജലജ് സക്‌സേന കേരളത്തിനായി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. 21.3 ഓവറില്‍ 68 റണ്‍സ് വഴങ്ങിയാണ് ജലജ് ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കേരള താരത്തിന്റെ പേരിലായി. രണ്ടാം ഇന്നിംഗ്‌സില്‍ രോഹന്‍ കുന്നുന്മേല്‍ 51, സച്ചിന്‍ ബേബി 51, ശ്രേയസ് അയ്യര്‍ പുറത്താകാതെ 50 എന്നിങ്ങനെ സ്‌കോര്‍ നേടി. ജലജ് സക്‌സേന 37 റണ്‍സുമായും അക്ഷയ് ചന്ദ്രന്‍ 36 റണ്‍സുമായും നിര്‍ണായക പ്രകടനമാണ് കാഴ്ചവച്ചത്.