ക്യാപ്റ്റനെതിരെയുള്ള പരാതി ; രഞ്ജി കേരളാ താരങ്ങള്‍ക്കെതിരെ നടപടി

കൊച്ചി: കേരളാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ പരാതി നല്‍കിയ 13 പേര്‍ക്കെതിരെ നടപടി. 5 താരങ്ങള്‍ക്ക് മൂന്ന് കളികള്‍ക്ക് സസ്‌പെന്‍ഷന്‍. സഞ്ജു സാംസണടക്കം 8 താരങ്ങളുടെ മൂന്ന് മത്സരങ്ങളുടെ മാച്ച്ഫീ റദ്ദാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കും. റൈഫി വിന്‍സന്റ് ഗോമസ്, രോഹന്‍ പ്രേം, മുഹമ്മദ് അസറുദ്ദിന്‍ , കെ എം ആസിഫ്, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് ആണ് സസ്‌പെന്‍ഷന്‍.

നേരത്തെ ഇവര്‍ക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ടു കത്തെഴുതിയ എല്ലാവരോടും കെസിഎ വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്.

ക്യാപ്റ്റനെതിരെ ഗൂഢാലോചന നടത്തി ടീമില്‍ അന്തഛിദ്രം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും കേരള ക്രിക്കറ്റിന് മാനക്കേട് വരുത്തിയെന്നും നോട്ടീസില്‍ ആരോപിക്കുന്നു. എന്നാല്‍ ഇവരുടെ വിശദീകരണം തൃപ്തമല്ലെന്ന് കാട്ടിയാണ് ഇവര്‍ക്കെതിരെ അസോസിയേഷന്‍ പരാതി നല്‍കിയിരിക്കുന്നത്.

Top