റാഞ്ചി: സമനിലയാവുമെന്ന് കരുതിയ മത്സരത്തെ ധീരമായ ഡിക്ലറേഷന്‍ കൊണ്ട് ആവേശപ്പോരാക്കിയ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തീരുമാനം ഒടുവില്‍ ഫലം കണ്ടു. രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കി കേരളം വിജയത്തുടക്കമിട്ടു. അവസാന ദിവസം ലഞ്ചിന് ശേഷം ജാര്‍ഖണ്ഡിന് 323 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോര്‍ കേരളം 475, 187-7, ജാര്‍ഖണ്ഡ് 340, 237.
323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ജാര്‍ഖണ്ഡിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷനെ(22) തുടക്കതിലെ മടക്കി കേരളം മേല്‍ക്കൈ നേടിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ ജാര്‍ഖണ്ഡിന് ഏഴാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 112-റണ്‍സെ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. കേരളം അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും എട്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷ്ഗരയും മനീഷിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ വെല്ലുവിളിച്ചു. 112 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 231 റണ്‍സിലാണ് വേര്‍പിരിഞ്ഞത്.
ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ പോലും ഉയര്‍ത്തിയ ജാര്‍ഖണ്ഡിന്റെ കുഷ്ഗരയെ(116 പന്തില്‍ 92) ബൗള്‍ഡാക്കിയ ജലജ് സക്സേനയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കുഷ്ഗര പുറത്തായശേഷം പൊരുതി നിന്ന മനീഷിയെ(23) ബേസില്‍ തമ്പിയും ആശിശ് കുമാറിനെ(0) ജലജ് സക്സേനയും വീഴ്ത്തി കേരളത്തിന് വിജയം സമ്മാനിച്ചു. ക്യാപ്റ്റന്‍ വിരാട് സിംഗ്(32) സൗരഭ് തിവാരി(37) എന്നിവരും ജാര്‍ഖണ്ഡിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജലജ് സക്സേന നാലു വിക്കറ്റുമായി തിളങ്ങി.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ കേരളം അതിവേഗം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചതോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഓപ്പണര്‍ രോഹന്‍ പ്രേം 86 പന്തില്‍ 74 റണ്‍സുമായി തിളങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 9 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. സച്ചിന്‍ ബേബി(13), അക്ഷയ് ചന്ദ്രന്‍(15), ജലജ് സക്സേന(23), ഷോണ്‍ റോജര്‍(28) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമേലിന്റെ(6) വിക്കറ്റ് കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. സിജോമോന്‍ ജോസഫ്(9) പുറത്താകാതെ നിന്നു.