രണ്‍ജീത് വധക്കേസ്; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീത് വധക്കേസില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേര്‍ പിടിയിലായി. കേസില്‍ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേര്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീന്‍, പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജീത്തിനെ വെട്ടികൊലപ്പെടുത്തിയത്.

Top