തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതിഭാഗത്തിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറാവാതിരുന്നതോടെ കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലായിരുന്നു. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസൻ ആലപ്പുഴ ബാറിലെ അഭിഭാഷകനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്നു. വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിനൊപ്പം സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ ഇരട്ടക്കൊലപാതക കേസുകളിൽ പൊലീസ് നേരത്തെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. രഞ്ജിത്ത് കേസിൽ പതിനഞ്ചും, ഷാൻ കേസിൽ പതിനൊന്നും പ്രതികളെ ചേർത്താണ് ആദ്യഘട്ട കുറ്റപത്രം നൽകിയത്. 2021 ഡിസംബർ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വീട്ടിൽ കയറി കൊലപ്പെടുത്തി.