രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തമായ സാഹചര്യത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചു. ഇതോടെ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ് മഹാമാരി. രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്.
കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.