റാങ്ക് ജേതാവിന് യോഗി നല്‍കിയ ഒരു ലക്ഷത്തിന്റെ ചെക്ക് മടങ്ങി

ലക്‌നോ: ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയിലെ റാങ്ക് ജേതാവിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനമായി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. അതുമാത്രമല്ല റാങ്ക് ജേതാവിനു പിഴ അടയ്‌ക്കേണ്ടതായും വന്നു. യുപി പത്താം ക്ലാസ് പരീക്ഷയിലെ ഏഴാം റാങ്കുകാരന്‍ അലോക് മിശ്രയ്ക്കാണ് ദുര്‍ഗതിയുണ്ടായത്. റാങ്ക് ജേതാക്കളെ ആദരിക്കാന്‍ ലക്‌നോവില്‍ മെയ് 29 ന് സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രി യോഗി ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ലക്‌നോവിലെ ബാങ്കില്‍ അലോകിന്റെ പിതാവ് ചെക്ക് നല്‍കി. എന്നാല്‍ ചെക്ക് മടങ്ങിയതായാണ് ബാങ്കില്‍നിന്നും മറുപടി ലഭിച്ചത്.

ഒപ്പില്‍ പിശക് ഉണ്ടായതിനെ തുടര്‍ന്നാണ് ചെക്ക് മടങ്ങിയത്. ഇതിന് ബാങ്കില്‍ അലോകിന്റെ പിതാവിന് പിഴ ഒടുക്കേണ്ടതായും വന്നു. ബാരാബങ്കിയിലെ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ രാജ് കുമാര്‍ യാദവിന്റെ ഒപ്പാണ് ചെക്കില്‍ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയില്‍നിന്നും പാരിതോഷികം ലഭിച്ചതില്‍ വളരെ അധികം സന്തോഷിച്ചിരുന്നു. എന്നാല്‍ ചെക്ക് മടങ്ങിയതോടെ ചെറിയ വിഷമം ഉണ്ടായതായും അലോക് പറഞ്ഞു. പാരിതോഷികം ലഭിച്ച ഒരു വിദ്യാര്‍ഥിക്കുമാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് ചെക്ക് മാറ്റി നല്‍കുമെന്നും രാജ് കുമാര്‍ പറഞ്ഞു.

Top