rape accused sp leader gayatri prajapati arrested

arrest

ലക്‌നൗ: ബലാത്സംഗക്കേസില്‍ പ്രതിയായ സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഗായത്രി പ്രജാപതിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയതിന് പ്രജാപതിയുടെ മകനെയും അനന്തിരവനേയുമടക്കം മൂന്നു പേരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ചോദ്യം ചെയതപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പ്രജാപതിക്കെതിരായുള്ള കേസ്.ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തു നിന്നും നീക്കിയിരുന്നു. അറസ്റ്റ് ഭയന്ന് പ്രജാപതി ഒളിവിലായിരുന്നു.
രാജ്യം വിടുമെന്ന സൂചനയെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിപ്പിച്ചിരുന്നു. പ്രജാപതിയുടെ സ്വത്ത് കണ്ടുക്കെട്ടുന്നതിനുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിക്കാനിരിക്കെയാണ് അറസ്റ്റ്. കേസില്‍നിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പ്രജാപതിയെ കൂടാതെ മറ്റു ആറുപേരാണ് കേസിലെ പ്രതികള്‍. രണ്ടു പേരെ കഴിഞ്ഞ ആഴ്ച പൊലീസ് പിടികൂടിയിരുന്നു. 2014ലാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഗായത്രി പ്രജാപതിക്കെതിരെ സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫെബ്രുവരിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Top