തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി ബിനോയ്; പീഡനപരാതി നിയമപരമായി നേരിടുമെന്ന്…

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ്. ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു വിഷയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ബിനോയ് കോടിയേരി മുംബയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്.

ലൈംഗിക പീഡനപരാതിയില്‍ ഇന്നലെയാണ് മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതി ബിനോയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുംബൈ ഓഷിവാര പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ബിനോയിയെ ജാമ്യത്തില്‍വിട്ടിരുന്നു. കര്‍ശന ഉപാധികളോടെയാണു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കു തയാറാകണമെന്നും കോടതി നിര്‍ദേശമുണ്ട്. ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന ബിഹാര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസെടുത്തത്.

Top