എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: ബലാത്സംഗകേസിൽ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.ക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതലായി നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തന്നെ ഫോണില്‍ വിളിച്ച് എംഎല്‍എയ്ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ മകനെയും അമ്മയെയും അപായപ്പെടുത്തുമെന്നും എംഎല്‍എയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇതിന് പുറമെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായ വിവരങ്ങളും മൊഴിയിലുണ്ട്.

മൂന്ന് അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ മര്‍ദിച്ചതായും അതിന് ശേഷം തന്നെ അഭിഭാഷകര്‍ കാറില്‍ നിര്‍ബന്ധിച്ച് കയറ്റി വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പരാതിക്കാരി മൊഴിയില്‍ പറയുന്നു. അതിനൊപ്പം എംഎല്‍എയ്ക്ക് വേണ്ടി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ പറ്റിയും മൊഴിയില്‍ പരാമര്‍ശമുണ്ട്.

എംഎല്‍എയ്ക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തന്നെ കാണാതായ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ആ വിവരം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.

Top