തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയ്‌ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി.
യുവതി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് നിയമോപദേശം തേടിയത്.
നേരത്തെ, ആരോപണത്തില്‍ കെ.എസ്.യുവും യുവമോര്‍ച്ചയും നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ഉത്തരവ് കൈമാറി.
ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെയോ കുടുംബത്തിന്റെയോ പരാതി ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രാഥമികാന്വേഷണം നടത്തി ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രതീഷ്‌കുമാര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രായപൂര്‍ത്തിയായ ഇര നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ശശിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത വിരളമാണെന്ന് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മാത്രമാണ് പോക്‌സോ നിയമപ്രകാരം സംസ്ഥാന പൊലീസിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം. പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയാലും ഇതുസംബന്ധിച്ച് മൂന്നാമതൊരു വ്യക്തി പരാതി കൊടുത്താലും കേസെടുത്ത് അന്വേഷിക്കാമെങ്കിലും പെണ്‍കുട്ടിയുടെ സഹകരണമില്ലാതെ നിയമ നടപടിക്ക് സാദ്ധ്യതയില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.