കോട്ടയം: ബലാത്സംഗ കുറ്റം ചുമത്തി കോട്ടയം ഡിവൈഎസ്പി ടിഎ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തത് ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നേരിടുന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി.
മണിമല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കോട്ടയം ഡിവൈഎസ്പിയായിരുന്ന ടി എ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സൗത്ത് സോണ്‍ എഡിജിപി പത്മകുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
മെഡിക്കല്‍ റിപ്പോര്‍ട്ട് പോലും ലഭിക്കുന്നതിന് മുന്‍പ് ധൃതി പിടിച്ചെടുത്ത ഈ ശിക്ഷാനടപടിക്കെതിരെ പൊലീസ് സേനയില്‍ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
പരാതിക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കഴിഞ്ഞദിവസം പുറത്ത് വിട്ട വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളില്‍ പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയ തന്നെ കോട്ടയം ഡിവൈഎസ്പി ടിഎ ആന്‍ണി നിര്‍ബന്ധപൂര്‍വ്വം ബലം പ്രയോഗിച്ച് ഔദ്യോഗിക വസതിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും മൂന്നരമണിക്കൂര്‍ പൂട്ടിയിട്ടെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ഈ സംഭവം ഡിവൈഎസ്പിയെ കുടുക്കാനായി മനപൂര്‍വ്വം കെട്ടിച്ചമച്ചതാണോ എന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്.
‘കാളപെറ്റു’ എന്ന് കേട്ട മാത്രയില്‍ ഡിവൈഎസ്പിക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത് അതിരുകടന്ന നടപടിയായിപോയി എന്ന വികാരമാണ് കോട്ടയത്തെ പൊലീസിനുള്ളിലുള്ളത്.
സ്ത്രീപീഡന പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസെടുക്കണമെന്ന നിയമം വച്ചാണ് ഡിവൈഎസ്പിക്കെതിരെ കേസെടുത്തതും സസ്‌പെന്‍ഡ് ചെയ്തതുമെങ്കില്‍ സരിതാ നായര്‍ തന്നെ, എറണാകുളം കലൂരിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി അന്ന് എറണാകുളം റേഞ്ച് ഐജിയായിരുന്ന പത്മകുമാര്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തില്ലെന്നുമാണ് ഉയര്‍ന്നു വരുന്ന ചോദ്യം.
ഇത്രയും ഗുരുതരമായ ആരോപണമുന്നയിച്ച് രേഖാമൂലം സരിത നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പത്മകുമാറിനെ പ്രതിയാക്കുകയോ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ ചെയ്തിട്ടില്ല. പകരം തന്ത്രപ്രധാനമായ ക്രമസമാധാന ചുമതല നല്‍കിയാണ് സര്‍ക്കാര്‍ ‘ആദരിച്ചത്’.
ഡിവൈഎസ്പി ടിഎ ആന്റണിക്ക് നേരെയുണ്ടായ രൂപത്തിലുള്ള ആരോപണം എഡിജിപിക്ക് നേരെ ഉയര്‍ന്നപ്പോള്‍ നല്‍കിയ ‘ആനുകൂല്യം’ എന്തുകൊണ്ട് കോട്ടയം സംഭവത്തില്‍ നല്‍കിയില്ലെന്ന വിമര്‍ശനവും ശക്തമാണ്.
പത്മകുമാറിന് ടിഎ ആന്റണിക്കെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന അഭിപ്രായം ചിലമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഗൂഢാലോചന സംബന്ധമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് സഹപ്രവര്‍ത്തകരുടെ ആവശ്യം.