ബലാത്സംഗക്കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുള്ള അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ബലാത്സംഗ കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്നും ബിഷപ്പ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 5ന് ചീഫ് ജസ്റ്റിസ് എസ്.ബോബ്‌ഡെ ജസ്റ്റിസ്മാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരെയാണ് പുനഃപരിശോധന ഹര്‍ജി. വസ്തുതാപരമായ പല കാര്യങ്ങളും പറയാനുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി അന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും വിശദമായ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

2013 മുതല്‍ മറ്റൊരു പള്ളിയുമായി സഹകരിച്ച് പുതിയ സന്യാസ സമൂഹം രൂപീകരിക്കാന്‍ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നുവെന്നും അതില്‍ പരാജയപ്പെട്ടുവെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. ഇതിന്റെ പ്രതികാരമാണ് മുന്‍ കൂട്ടി അസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു. സീറോ മലബാര്‍സഭയ്ക്ക് ഒപ്പം ചേര്‍ന്ന് കന്യാസ്ത്രീ ലത്തീന്‍ സഭയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Top