പീഡനക്കേസ്; ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

Franco mulakkal jalandhar bishop,

മുംബൈ: ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും രൂപത വ്യക്തമാക്കി.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. ഈ മാസം 19 ന് ബിഷപ്പ് അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യും.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നോട്ടീസ് നല്‍കുവാന്‍ തീരുമാനമായത്. കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കോട്ടയത്ത് വെച്ചായിരുന്നു യോഗം ചേര്‍ന്നത്.

ബിഷപ്പിനെതിരെ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് ഇപി ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു. സഭാ പിതാവെന്ന നിലയില്‍ കാട്ടേണ്ട ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഷപ്പിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും കെആര്‍എല്‍സി പറഞ്ഞു. കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജാണ് പ്രസ്താവനയിറക്കിയത്.

Top