ന്യൂഡല്‍ഹി: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍കാരമായി ചുംബിച്ചതിന് ബോളിവുഡ് ഗായകന്‍ അംഗരംഗ് പപ്പോണിനെതിരെ കേസെടുത്തു. പപ്പോണ്‍ പെണ്‍കുട്ടിയെ ചുംബിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഇയാള്‍ ജഡ്ജായ ഹിന്ദി സംഗീത റിയാലിറ്റി ഷോയുടെ സെറ്റില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു പെണ്‍കുട്ടി.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പപ്പോണ്‍ പങ്കുവച്ച ലൈവ് വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും, പോക്‌സോ നിയമപ്രകാരം പൊലീസും പപ്പോണിനെതിരെ കേസെടുത്തു. സുപ്രീം കോടതിയിലെ അഭിഭാഷകയായ റുണ ഭുയാനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പപ്പോണിനെതിരെ ദേശീയ ബാലവകാശ കമ്മീഷന് മുന്‍പാകെ പരാതി നല്‍കിയത്.