കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം കൊച്ചിയിലെത്താന്‍ എസ്പിയ്ക്കും ഡിവൈഎസ്പിയ്ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം.
അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിട്ടും അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍ അന്വേഷണസംഘത്തെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ കന്യാസ്ത്രീ മൊഴിയില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. അന്തിമ റിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണച്ചുമതല ഒഴിയാനും ആലോചനയുണ്ട്.
കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീ മൊഴി നല്‍കിയത്.