കോട്ടയം: ബലാത്സംഗക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പരാതിയില്‍ പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ കര്‍ദിനാളിന് പരാതി കൊടുത്തിരുന്നുവെന്നും പരാതിയില്‍ സഭാനേതൃത്വം നടപടി എടുത്തില്ലെന്നും കന്യാസ്ത്രീ പൊലീസിനോട് പറഞ്ഞു.
പീഡനം ഒതുക്കി തീര്‍ക്കാനായിരുന്നു സഭയുടെ നിര്‍ദ്ദേശമെന്നും അവര്‍ വെളിപ്പെടുത്തി. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ. സുഭാഷാണ് മൊഴിയെടുത്തത്. ലൈംഗിക പീഡനക്കേസില്‍ കന്യാസ്ത്രീ ഉറച്ച് നില്‍ക്കുകയാണെന്ന് ഡിവൈഎസ്പി അറിയിച്ചു.
ആരോപണ വിധേയനായ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് ജലന്ധറിലേക്ക് പോകും. മഠത്തിലെ മറ്റ് അന്തേവാസികളെയും ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി പറഞ്ഞു. രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വൈക്കം ഡിവൈഎസ്പി വ്യക്തമാക്കി.