ചമ്പാരന്‍: പിതാവ് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് മാനസിക നില തകരാറിലായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. സംഭവത്തെ തുടര്‍ന്ന് മുപ്പതുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണു സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. ആരോപിതനായ പിതാവിനെ യോഗത്തില്‍ താക്കീത് ചെയ്യുകയുമുണ്ടായി.
യോഗത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. ഒരു തവണ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു, ബന്ധുക്കള്‍ കണ്ടെത്തി തിരികെയെത്തിച്ചെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.