ജയ്പൂര്‍: മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയുടെ ശിക്ഷാ വിധി കവിതയായാണ് ജഡ്ജി പ്രഖ്യാപിച്ചത്. ‘ഈ സ്ഥിതി മാറിയില്ലെങ്കില്‍ ഈ രാജ്യത്തെ പെണ്‍കുഞ്ഞിനെ തന്ന് അനുഗ്രഹിക്കാന്‍ ഈശ്വരന്‍ മടിക്കുന്ന കാലം വിദൂരമല്ല’ എന്ന് തുടങ്ങുന്ന കാവ്യഭാഷയിലാണ് വിധി. ജയ്പൂരിലെ ഝുന്‍ഝുനുവിലെ വനിതാ ജഡ്ജായ നീരജ ദധിച്ചാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മനംനൊന്ത് വിധി പ്രസ്താവത്തില്‍ ഇങ്ങനെ പറഞ്ഞത്.
‘മൂന്ന് വസന്തങ്ങള്‍ മാത്രം കണ്ട കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് രാജ്യമാണ് നമ്മുടേത്? ഈ സംഭവമറിഞ്ഞ് എന്റെ ഹൃദയം മുറിഞ്ഞ് രക്തമൊഴുകുന്നുവെങ്കില്‍ ആ കുഞ്ഞിന്റെ അമ്മയ്‌ക്കെങ്ങനെയാണ് ഈ വേദന സഹിക്കാന്‍ കഴിയുക?’ എന്നാണ് ജഡ്ജിയുടെ ചോദ്യം.
കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞത് ഒന്നുമില്ലെന്നും ജഡ്ജി പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നവരോട്, അങ്ങനെയെങ്കില്‍ മൂന്ന് വയസ്സുകാരി ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടെന്നാണ് അവര്‍ ചോദിച്ചു. അടുത്ത കാലത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിതാക്രമം 500 ശതമാനം വര്‍ധിച്ചെന്നും ജഡ്ജി വ്യക്തമാക്കി.
ആഗസ്ത് 2നാണ് രാജസ്ഥാനിലെ ഝുന്‍ഝുനുവില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗം ചെയ്യപ്പെട്ടത്. ആഗസ്ത് 13ന് വിനോദ് കുമാര്‍ എന്നയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകൃത്യം നടന്ന് 29 ആം ദിവസം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.