ഭോപ്പാൽ: പീഡനശ്രമം തടയാൻ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ഛത്തർപുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഖജുരാഹോയ്‌ക്കു സമീപം കഴിഞ്ഞ 27 ന് രാത്രിയായിരുന്നു സംഭവം. യു.പിയിലെ ബാന്ദ സ്വദേശിനിയായ 25 വയസുകാരിയാണ് ആക്രമണത്തിന് ഇരയായത്.
അക്രമിയെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്‌റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഛത്തർപൂർ ജില്ലയിലെ ബഗേശ്വർ ധാം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു പെൺകുട്ടി. കഴിഞ്ഞ ഒമ്പതുമാസമായി താൻ ഇവിടെ സ്‌ഥിരമായി ദർശനത്തിനായി പോകാറുണ്ടെന്നു യുവതി പറഞ്ഞു.
“ഞാൻ ക്ഷേത്രദർശനം കഴിഞ്ഞ് ട്രെയിനൽ മടങ്ങുകയായിരുന്നു. ആ സമയം എന്റെ ഒപ്പം യാത്ര ചെയ്‌തിരുന്നയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. അയാളുടെ ശ്രമം ചെറുത്തുനിന്ന ഞാൻ അയാളോട് മാറിപോകാൻ ആവശ്യപ്പെട്ടു.
ഞാൻ പ്രാണരക്ഷാർഥം അയാളുടെ കൈയ്യിൽ കടിച്ചു. അതോടെ 30 വയസിനു അടുത്ത് പ്രായംവരുന്ന അക്രമി രാജ്‌നഗറിനടുത്ത് എന്നെ ട്രെയിനിൽ നിന്ന് എടുത്ത് പുറത്തേക്ക് എറിഞ്ഞു”-പെൺകുട്ടി പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു.