കൂട്ടബലാത്സംഗവും പീഡനവും ; ഉത്തര്‍പ്രദേശില്‍ 2 പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

suicide 2

ലക്നൗ : ഉത്തർപ്രദേശിൽ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി 2 പെൺകുട്ടികൾ ആത്മഹത്യ ചെയ്തു. രണ്ടുപേരും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. ഒരാള്‍ കൂട്ട ബലാത്സംഗത്തിനിരയായതിന് പിന്നാലെയും മറ്റൊരാളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയാണ് ആത്മഹത്യ. പതിനാലും പതിനേഴും പ്രായമുള്ള പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് പതിനേഴുകാരി ആത്മഹത്യ ചെയ്തത്. മൂന്ന് പേര്‍ ചേർന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആറു മാസമായി ഇവർ പെൺകുട്ടിയെ തുടരെ തുടരെ ശല്യം ചെയ്തിരുന്നു. ഒടുവിൽ ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തി അപമാനിക്കാൻ ശ്രമിച്ചു. ഇതിൽ മനംനൊന്താണ് പെൺകുട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായി പൊലീസ് വിശദമാക്കി. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഗുഡ്ഡു എന്നയാളെ ഇതിനോടകം അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

ലക്‌നൗവിലുള്ള ചിത്രകൂട് ജില്ലയിലാണ് 14കാരി ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പ്രാഥമിക കാര്യങ്ങൾക്കായി വനമേഖലയിലേക്ക് പോയ പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ശേഷം അക്രമികൾ പെൺകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട ശേഷം കടന്നു കളഞ്ഞു. അവശനിലയിലായ പെൺകുട്ടി ഇഴഞ്ഞ് വീടിനടുത്തേക്ക് പോകുമ്പോൾ മറ്റുള്ളവർ കണ്ടെത്തുകയായിരുന്നു. അപരിചിതരായ ആളുകളാണ് പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടി വീട്ടുകാരോട് വ്യക്തമാക്കിയത്.

പരാതി നൽകാനായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് അപമാനിച്ചതായാണ് ആരോപണം. പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരാതി സ്വീകരിക്കാം എന്നായിരുന്നു പൊലീസിന്റെ പ്രതികരണം എന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ചിത്രകൂട് റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതതായി ഐജി കെ സത്യനാരായണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഐജിയും ജില്ലാ മജിട്രേറ്റും പെണ്‍കുട്ടിയുടെ കുടുംബത്തെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ കേസില്‍ ഒരാള്‍ പിടിയിലായിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും ഐജി വിശദമാക്കി.

Top