ആല്‍വാര്‍: തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് ആല്‍വാറിലെ ദളിത് യുവതി. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ബലാത്സംഗത്തിനിയാക്കിയ അവള്‍ ഇനിയും ആ ഞെട്ടലില്‍ നിന്ന് മുക്തയായിട്ടില്ല. ബലാത്സംഗം, മര്‍ദ്ദനം, വീഡിയോ കാട്ടി ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഞെട്ടിക്കുന്ന അവസ്ഥയാണ് അവള്‍ക്ക് പറയാനുള്ളത്.
‘അവര്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, മര്‍ദ്ദിച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി. താന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്തോറും അവര്‍ ഭര്‍ത്താവിനെ കൂടുതല്‍ ഉപദ്രവിച്ചു. അവര്‍ക്ക് വധശിക്ഷ തന്നെ ലഭിക്കണം.’യുവതി പറഞ്ഞു. ഭര്‍ത്താവിനെ കെട്ടിയിട്ടശേഷം കണ്‍മുന്നിലിട്ടാണ് അഞ്ചംഗസംഘം യുവതിയെ ബലാത്സംഗം ചെയ്തത്.
കടയില്‍ പോകാനിറങ്ങിയ ദമ്പതികളെ രണ്ട് ബെക്കുകളിലായി എത്തിയ സംഘമാണ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. വിജനമായ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ദമ്പതികളെ അവര്‍ മോചിപ്പിച്ചത്. അവരുടെ കൈയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ആല്‍വാര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാന്‍ വീണ്ടും ദിവസങ്ങള്‍ വൈകി. തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും പൊലീസ് സൂപ്രണ്ടിനെയും ആല്‍വാര്‍ സബ് ഇന്‍സ്പെക്ടറെയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.