തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍. ഒളിവില്‍പോയ കാമുകനെ പോലീസ് തിരയുന്നു.
എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി മൂന്നു പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. പ്രധാനപ്രതിയെ ഉടന്‍പിടികൂടുമെന്നും അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്ന് മജിസ്‌ട്രേറ്റ് ഇന്നുതന്നെ മൊഴിയുമെടുക്കും.
നഴ്‌സിങ് വിദ്യാര്‍ഥിനിയായ 19കാരിയെ കാമുകനായ ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയന്തി റെയില്‍വേ പാലത്തിന് സമീപമുള്ള റോഡില്‍ നിന്നും പോലീസ് കണ്ടെത്തി.
ചൊവ്വാഴ്ച അയന്തി പാലത്തിന് സമീപത്ത് ഓട്ടോയില്‍ പോകുമ്പോള്‍ പെണ്‍കുട്ടി ബഹളംവച്ചു. ഇതുകേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഓട്ടോ ഡ്രൈവറായ കാമുകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോയില്‍ ചുറ്റുന്നതിനിടെ ഇയാള്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. അപസ്മാരം ബാധിച്ച് പെണ്‍കുട്ടി അവശയായപ്പോള്‍ കാമുകന്റെ സുഹൃത്തുക്കളും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പോലീസിന് വിവരം ലഭിച്ചു.
തിരുവനന്തപുരം സ്വദേശിനിയായ ദളിത് പെണ്‍കുട്ടിയെ സ്‌നേഹം നടിച്ചാണ് കാമുകന്‍ ഒപ്പം കൂട്ടിയത്. രണ്ട് ദിവസമായി പെണ്‍കുട്ടി കാമുകനൊപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ കൊല്ലത്ത് പോയതിന് ശേഷമാണ് ഇവര്‍ അയന്തിയില്‍ എത്തിയത്.