അബുദാബി: ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്ത യാത്രികര്‍ക്കും യു.എ.ഇ. ബാധകമാക്കിയ നിര്‍ബന്ധിത പി.സി.ആര്‍. പരിശോധന ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി. ഇതുസംബന്ധിച്ച് യു.എ.ഇ. അധികൃതരുമായി ചര്‍ച്ചനടത്താന്‍ വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.
നിലവില്‍ 4000 രൂപവരെ ഈടാക്കുന്ന റാപ്പിഡ് പി.സി.ആര്‍. പരിശോധന യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ആവശ്യം. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് യു.എ.ഇ.യിലേക്ക് പോകുന്നവര്‍ക്ക് യാത്രയുടെ ആറുമണിക്കൂറിനകം റാപ്പിഡ് പി.സി.ആര്‍. പരിശോധന നടത്തണം.
ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, യുഗാണ്‍ഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് യു.എ.ഇ.യില്‍ നിര്‍ബന്ധിത പരിശോധന വേണ്ടത്. കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക പ്രയാസം നേരിടുന്നവര്‍ക്ക് മടക്കയാത്രയ്ക്ക് ഇത്രയും തുകകൂടി ചെലവഴിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പരാതിയുയര്‍ന്നിരുന്നു. രണ്ടുഡോഡ് വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.കെ. അടക്കമുള്ള രാജ്യങ്ങള്‍ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്.