സമൂഹ വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് പരിശോധന ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ സമൂഹ വ്യാപനം കണ്ടെത്താനുളള റാപ്പിഡ് പരിശോധനയ്ക്ക് ഇന്ന് തുടക്കും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. കൊവിഡ് മൂന്നാംഘട്ടത്തില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം 148 ആയി. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആര്‍ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കും.

മറ്റ് എട്ട് ജില്ലകളില്‍ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും പ്രധാനമായും പരിശോധിക്കുക. ആളുകളുമായി കൂടതല്‍ ഇടപെഴകാന്‍ സാധ്യതയുളള മറ്റ് വിഭാഗക്കാരെയും പരിശോധിക്കും.

റാപ്പിഡ് പരിശോധനക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് എച്ച്എല്‍എല്ലിന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയത്. ആദ്യഘട്ടമായി എത്തിയ പതിനായിരം കിറ്റുകള്‍ക്ക് പുറമേ നാല്‍പതിനായിരം കിറ്റുകള്‍ കൂടി ഉടനെ എത്തും. നിലവില്‍ ദിവസം തോറും മൂവായിരം പരിശോധനകളാണ് സംസ്ഥാനത്ത് നടത്തുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താത്ത 33 കേസുകളാണിപ്പോള്‍ സംസ്ഥാനത്തുളളത്. ഇത്തരം കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റാപ്പിഡ് പരിശോധനകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top