ഇന്ത്യയില്‍ തട്ടിപ്പു നടത്തി നാടുവിടുന്ന പല മാന്യദേഹങ്ങളും ചെന്നുചാടുന്നത് ബ്രിട്ടനിലാണ്. പലവിധ കാരണങ്ങളാണ് ഇതിന് പിന്നില്‍. ഒന്ന് നിക്ഷേപം നടത്തിയാല്‍ വിസ ലഭിക്കുമെന്ന എളുപ്പവഴി തന്നെ. മറ്റൊന്ന് മനുഷ്യാവകാശങ്ങളുടെ പേരില്‍ കുറച്ച് അധികം കാലം നാടുകടത്തല്‍ ഭീഷണി ഒഴിവാക്കാം, അല്ലെങ്കില്‍ അട്ടിമറിക്കാം. മുന്‍പ് പല കേസുകളിലും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന തെളിവുകളും വ്യക്തമല്ലാതെ പോകുകയും, പേപ്പര്‍ വര്‍ക്കുകള്‍ കൃത്യതയില്ലാതെ വരുന്നതിന്റെയും പേരില്‍ പലപ്പോഴും ബ്രിട്ടീഷ് കോടതികളുടെ വിമര്‍ശനം കേള്‍ക്കാറുമുണ്ട്.
എന്നാല്‍ കാലം മാറിയെന്ന് വ്യക്തമാക്കുന്നതാണ് വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗളയുടെ നാടുകടത്തല്‍ കേസില്‍ ഡല്‍ഹി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യുകെ കോടതി നല്‍കിയ പ്രശംസ. ആദ്യം വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയിലും, ഇംഗ്ലണ്ട് & വെയില്‍സ് ഹൈക്കോടതിയിലും, സ്ട്രാസ്ബര്‍ഗ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലും കേസ് വാദിച്ച ശേഷം കഴിഞ്ഞ വ്യാഴാഴ്ച ചൗളയെ നാടുകടത്തുകയും, ഡല്‍ഹി പൊലീസ് സംഘം നാട്ടിലെത്തിക്കുകയുംചെയ്തിരുന്നു.
2000ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ സൗത്ത് ആഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട വാതുവെപ്പ് കേസില്‍ സഞ്ജീവ് ചൗളയ്ക്ക് പ്രഥമദൃഷ്ട്യാ ഉത്തരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് ഡിസ്ട്രിക്ട് ജഡ്ജ് റെബേക്കാ ക്രാനെ പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ക്ക് പണം നല്‍കി മത്സരഫലം സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ സാധൂകരിക്കുന്നതായി അവര്‍ വിധിയില്‍ വ്യക്തമാക്കി.
സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റനായിരുന്ന ഹാന്‍സെ ക്രോണെയെ പിന്തുടര്‍ന്ന ചൗളയുടെ രീതികളും, അവരുടെ ഫോണ്‍ സംഭാഷണങ്ങളും വരെ പൊലീസ് തെളിവായി ഹാജരാക്കി. തിഹാര്‍ ജയിലില്‍ ചൗളയെ പാര്‍പ്പിക്കുന്ന സെല്ലിന്റെ വിവരങ്ങള്‍ കൂടി കോടതിയില്‍ ഇന്ത്യ സമര്‍പ്പിച്ചു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് തടയിടാന്‍ സെല്ലിലെ ദുരവസ്ഥയാണ് പലരും യുകെയില്‍ ആയുധമാക്കുന്നത്. വിവാദ ബിസിനസ്സുകാരായ വിജയ് മല്ല്യ, നിരവ് മോദി എന്നിവരും ഈ വിഷയത്തിലാണ് കടിച്ചുതൂങ്ങുന്നത്.