റേറ്റിംഗ് അനുകൂലമാക്കാന്‍ അര്‍ണബ് പണം നല്‍കി; ബാര്‍ക് മുന്‍ സിഇഒ

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ്ഗുപ്ത. റിപ്പബ്ലിക്ക് ടിവിയ്ക്ക് അനുകൂലമായി റേറ്റിങ്ങുകള്‍ കൈകാര്യം ചെയ്തതിന് പണം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മുംബൈ പോലീസിന് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി.

മൂന്നുവര്‍ഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നതിന് 12,000 യുഎസ് ഡോളര്‍ നല്‍കിയെന്നും ടിആര്‍പി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രമനുസരിച്ച് 2020 ഡിസംബര്‍ 27-ന് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിന്റെ ഓഫീസില്‍ വെച്ച് വൈകീട്ട് 5.15ന് രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിലാണ് പാര്‍ഥോ ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

‘2004 മുതല്‍ അര്‍ണബ് ഗോസ്വാമിയെ എനിക്കറിയാം. ടൈംസ് നൗവില്‍ ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്തിരുന്നു. 2013-ലാണ് ബാര്‍ക് സിഇഒ ആയി ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2017-ല്‍ അര്‍ണബ് റിപ്പബ്ലിക് ടി.വി.ലോഞ്ച് ചെയ്തു. ചാനലിന്റെ ലോഞ്ചിന് മുമ്പായി തന്റെ പദ്ധതികളെ കുറിച്ച് അര്‍ണബ് സംസാരിച്ചിരുന്നു. ചാനലിന്റെ റേറ്റിങ് നിലനിര്‍ത്താന്‍ സഹായിക്കണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭാവിയില്‍ പ്രത്യുപകാരം ചെയ്യാമെന്നും പരോക്ഷമായി സൂചിപ്പിച്ചിരുന്നു. റിപ്പബ്ലിക് ടിവിക്ക് നമ്പര്‍ 1 റേറ്റിങ് ലഭിക്കുന്നതിന് വേണ്ടി ഞാനും എന്റെ സംഘവും ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം നടത്തി. 2017 മുതല്‍ 2019 വരെ ഇപ്രകാരം ചെയ്തു.’ പാര്‍ഥോ ദാസ് ഗുപ്ത നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍, പാര്‍ഥോ ദാസ്ഗുപ്തയുടെ അഭിഭാഷകന്‍ അര്‍ജുന്‍ സിങ് ഈ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. പാര്‍ഥോസിനെക്കൊണ്ട് നിര്‍ബന്ധിച്ചു പറയപ്പിച്ചതാണ് മൊഴിയിലുളളതെന്ന് അദ്ദേഹം ആരോപിച്ചു. ഗോസ്വാമിയുടെ നിയമസംഘം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്നോട് പകപോക്കുകയാണെന്നും അര്‍ണബ് ആവര്‍ത്തിച്ചു.

മുംബൈ പോലീസ് ജനുവരി 11ന് ഫയല്‍ ചെയ്ത അനുബന്ധ കുറ്റപത്രത്തിന് 3,600 പേജുകളാണ് ഉളളത്. ബാര്‍ക് ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട്, പാര്‍ഥോസ് ദാസ്ഗുപ്തയും അര്‍ണബ് ഗോസ്വാമിയും തമ്മിലുളള വാട്‌സാപ്പ് ചാറ്റുകള്‍, മുന്‍ കൗണ്‍സില്‍ ജീവനക്കാരുടേയും കേബിള്‍ ഓപ്പറേറ്റേഴ്‌സിന്റേയും ഉള്‍പ്പടെ 59 വ്യക്തികളുടെ മൊഴികള്‍ എന്നിവയെല്ലാം കുറ്റപത്രത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

Top