അതിഥി തൊഴിലാളികള്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. ഇതിനായ് വിവിധ ഭാഷകളില്‍ തയ്യാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡിന്റെ ജില്ലാതല ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പ്രകാരം ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്കോ അംഗങ്ങള്‍ക്കോ രാജ്യത്തെ ഏത് സംസ്ഥാനത്ത് നിന്നും അവരുടെ റേഷന്‍ വിഹിതം കൈപ്പറ്റാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടത്ര അറിവ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവിധ ഭാഷകളില്‍ തയ്യാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. കുടുംബത്തിലെ ഒരംഗം കേരളത്തില്‍ നിന്നും വിഹിതം കൈപ്പറ്റിയതിന്റെ പേരില്‍ അയാളുടെ കുടുംബത്തിലെ മറ്റംഗംങ്ങളുടെ വിഹിതത്തില്‍ കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 94 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ കാര്‍ഡിന് ഉടമകളാണ്. ഒരാള്‍ക്ക് പോലും റേഷന്‍ കാര്‍ഡെന്ന അവകാശം നിഷേധിക്കില്ല. കഴിഞ്ഞ കൊവിഡ് കാലത്ത് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി ഭഷ്യധാന്യം നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.